പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Wednesday 27 June 2012

നല്ലൊരു ആരോഗ്യത്തിന് കാഴ്ച 2012

ഒരുമിച്ചുതടയാം മഴക്കാലരോഗങ്ങളെ എന്ന ആഹ്വാനവുമായി സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗവ. കോളേജ് ഓഫ് നേഴ്സിങ്  , തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കാഴ്ച 2012  പ്രദര്‍ശനം  വളരെ വിജ്ഞാനപ്രദമായിരുന്നു.

Tuesday 26 June 2012

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2012 ജൂണ്‍ 26




പ്രാര്‍ത്ഥനയോ‍ടെ ലഹരി വിരുദ്ധ ദിനത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ സ്ക്കൂള്‍ ലീഡര്‍ ചൊല്ലിക്കൊടുക്കുകയും വിദ്യാര്‍ത്ഥികള്‍ ഏറ്റു ചൊല്ലുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ , ഹെഡ് മിസ്ട്രസ്സ് എന്നിവര്‍ പ്രതിനിധാനം ചെയ്തു സംസാരിച്ചു. അദ്ധ്യാപകരുടേയും സ്ക്കൂള്‍ കൗണ്‍സിലറുടേയും പരിശ്രഫലമായി സ്ക്കൂള്‍ അസംബ്ലിയില്‍ രണ്ട് സ്കിറ്റുകള്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.


പുതുനാമ്പുകളായ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കണമെന്ന കൂട്ടായ ധാരണയുടെ പേരില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപക കൂട്ടായ്മയില്‍ മനുഷ്യചങ്ങല രൂപവത്കരിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കപ്പെട്ടു. സ്ക്കൂളിന്റെ മുന്‍വശത്തെ പാലത്തിന്റെ ഇരുവശവുമായിട്ടാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തിയത് . എല്ലാ വിദ്യാര്‍ത്ഥികളും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് കയ്യില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. ലഹരിക്ക് അടിമപ്പെട്ട മനുഷ്യന്റെ അവസ്ഥയെ ചിത്രീകരിക്കുന്ന ഒരു പ്രതിമ മനുഷ്യച്ചങ്ങലയുടെ ശ്രദ്ധ ആകര്‍ഷിച്ചു. വിവിധ ചിത്രരചനകളും പൊതുജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി.


ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പൂങ്കുന്നം സ്ക്കുളിലെ ഈ ലഘുപരിപാടികള്‍ മൂല്യച്യുതി സംഭവിച്ച സമൂഹത്തിന് ഒരു നേരിയ ചലനമെങ്കിലും ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.

Saturday 23 June 2012

സ്റ്റേറ്റ് ബാങ്കിന്റെ സമൂഹ സുരക്ഷ പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് 10 ഫാന്‍

ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ സമൂഹ സുരക്ഷ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ റൗണ്ട് നോര്‍ത്തിലെ എന്‍ ആര്‍ ഐ ശാഖ സ്ക്കൂളിന് 10 സീലിങ് ഫാനുകള്‍ അനുവദിച്ചു തന്നു. ഇന്നലെ (22/06/2012 ) കാലത്ത് സ്ക്കൂള്‍ അസംബ്ലിയോടനുബന്ധിച്ചു നടന്ന ലളിതമായ ചടങ്ങില്‍ ശാഖാ മാനേജര്‍ ശ്രീമതി ലത കെ പി , സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ക്ക് ഫാനുകള്‍ കൈമാറി. ചടങ്ങില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ജോഷി കെ മാത്യു, പി ടി എ പ്രസിഡന്റ് രാജേഷ് ഷണ്‍മുഖന്‍, കൗണ്‍സിലര്‍ വൈദേഹി , ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Friday 22 June 2012

വായനാവാരം ജില്ലാതല ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ച്


ജില്ലാഭരണകൂടം , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് , വിദ്യാഭ്യാസ വകുപ്പ് , പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ , സാക്ഷരതാ മിഷന്‍, കാന്‍ഫെഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ചായിരുന്നു.ജില്ലാ കളക്ടര്‍ ശ്രി പി എം ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ ഐ പി പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വായനയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും അകലും തോറും ബുദ്ധിപരമായ ആത്മഹത്യയിലേക്കാണ് നടന്നടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന് വായനാ വാരാഘോഷ സന്ദേശം നല്കിക്കൊണ്ട് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.. സ്ററാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍ , കൗണ്‍സിലര്‍ വൈദേഹി,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു,ഹെഡ് മിസ്ട്രസ് ശ്രീമതി ടി സി വിലാസിനി, ടി വേലായുധന്‍, സജി തോമസ് , കെ കെ സീതാരാമന്‍ ,എം എസ് അലിക്കുഞ്‌ എന്നിവര്‍ സംസാരിച്ചു.

Wednesday 13 June 2012

സദ്യയോടെ ഉച്ചക്കഞ്ഞിക്കു തുടക്കം


ഞങ്ങളുടെ സ്ക്കൂളിലും ഉച്ചക്കഞ്ഞി വിതരണം തുടങ്ങി. വിഭവസമൃദ്ധമായ സദ്യയോടെയായിരുന്നു തുടക്കം.

Saturday 9 June 2012

ജൂണ്‍ 6 ശുക്രസംതരണം


ശുക്രസംതരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്ലാസ്സ് സംഘടിപ്പിച്ചു. സയന്‍സ് സൊസൈറ്റിയിലെ നോബിള്‍, ജോഷ്വ എന്നിവരാണ് ക്ലാസ്സ് നയിച്ചത്.

Monday 4 June 2012

വിജയോത്സവം


2012-13 അധ്യയനവര്‍ഷം പൂങ്കുന്നം ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ യശസ്സിന് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിയവര്‍ഷമാണ്. 100% വിജയം അതുകൊണ്ടുതന്നെ പ്രവേശനോത്സവവും വിജയോത്സവവും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുകയുണ്ടായി.തോരണങ്ങളാല്‍ അലംകൃതമായ സ്ക്കൂള്‍ അങ്കണവും നവാതിഥികളായ വിദ്യാര്‍ത്ഥികളുടെപുഞ്ചിരിയും ചടങ്ങിന് മാറ്റു കൂട്ടി. വിജയോത്സവം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്ത് 100% വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു..

പ്രവേശനോത്സവം



പ്രവേശനോത്സവം 2012 ജൂണ്‍ 4 വിപുലമായ പരിപാടികളോടെ ആയിരുന്നു ആഘോഷിച്ചത്. പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് 1 മുതല്‍ 12 വരെയുള്ള കുട്ടികള്‍ സ്ക്കൂള്‍ അങ്കണത്തില്‍ കൃത്യം 9.20 ന് അണിനിരന്നു. മനസ്സില്‍ ഒട്ടേറെ പ്രതീക്ഷകളും സംശയങ്ങളും ആശങ്കകളും പേറിയാണ് അവര്‍ സ്ക്കുള്‍ മൈതാനത്ത് വന്നുചേര്‍ന്നത്. "വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്" എന്ന മുദ്രാവാക്യമാണ് അവരെ പ്രവേശനകവാടത്തില്‍ എതിരേറ്റത്. കുരുത്തോലകളും വര്‍ണ്ണപകിട്ടേറിയ അരങ്ങുകളും സ്ക്കൂള്‍ പരിസരത്ത് അണിയിച്ചൊരുക്കിയിരുന്നു. ഓരോ വിദ്യാര്‍ത്ഥികളും വര്‍ണ്ണ ശബളമായ ബലൂണുകള്‍ കയ്യില്‍ പിടിച്ചിരുന്നു. ഓരോ വിദ്യാര്‍ത്ഥികളുടേയും അടുത്തേക്കും അദ്ധ്യാപകര്‍ മധുരപലഹാരങ്ങളുമായെത്തി. വിദ്യയുടെ മധുരം അവര്‍ നുണഞ്ഞു. രക്ഷിതാക്കളും പി ടി എ ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കൃത്യം 9.30 ന് ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ സ്വാഗതം അര്‍പ്പിച്ചു. ചടങ്ങില്‍ സന്നിഹിതരായിരുന്ന എല്ലാ വിശിഷ്ട അതിഥികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. വിദ്യാലയത്തിന്റെ സമഗ്രമായ വളര്‍ച്ച S S L C 100% ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ S S L C വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദിച്ചു. വരുംവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിച്ചുകൊണ്ട് സ്വാഗതം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവഗാനം കുട്ടികള്‍ ആലപിച്ചു. വിദ്യാലയത്തിലേക്കുള്ള വരവിന്റെ മഹത്വം വിളിച്ചോതുന്ന ഒരു ഗാനമായിരുന്നു അത് . യോഗത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത് പി ടി എ പ്രസിഡന്റ് ശ്രീ രാജേഷ് ഷണ്‍മുഖന്‍ ആയിരുന്നു. കുട്ടികളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് S S L C വിജയം അതില്‍ ഊന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പൂങ്കുന്നം സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ശ്രീമതി വൈദേഹിയായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെയും ഈ പ്രദേശത്തിന്റേയും വളര്‍ച്ചയ്ക്ക് ഓരോരുത്തരും അണിചേരണം എന്ന സന്ദേശവുമായി കൗണ്‍സിലര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരും വര്‍ഷത്തേക്ക് എല്ലാതരത്തിലുമുള്ള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു ആശംസകള്‍ നേര്‍ന്നു. സ്ക്കൂളിന്റെയും ഹയര്‍സെക്കണ്ടറിയിലേയും കുട്ടികളെ വിജയപാതയിലേക്കു നയിക്കാനുള്ള എല്ലാ പിന്തുണകളും അദ്ദേഹം വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കായി രൂപം കൊണ്ടിട്ടുള്ള തൃശ്ശൂര്‍ U R C യിലെ ട്രെയിനര്‍ ശ്രീമതി ജ്യോതി ആശംസകള്‍ അര്‍പ്പിച്ചു. അര്‍പ്പണ മനോഭാവവും കഴിവുകളും കൂടുതല്‍ ഉള്ള അധ്യാപകരാണ് ഈ വിദ്യാലയത്തില്‍ ഉള്ളതെന്നും അത് കുട്ടികളുടെ വളര്‍ച്ചയില്‍ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നും ടീച്ചര്‍ പറഞ്ഞു വച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് എന്നും കുട്ടികളുടെ കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പും നല്കി. വിദ്യാലയത്തിലേക്കു പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുംസ്ക്കീളിന്റെ വക സൗജന്യ യൂണിഫോം വിതരണം ചെയ്തു. കൗണ്‍സിലര്‍ ശ്രീമതി വൈദേഹി, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണം നിര്‍വഹിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അരിയും ചടങ്ങില്‍ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പി കെ യുടെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള സന്ദേശമടങ്ങിയ കത്ത് "സ്നേഹസ്പര്‍ശം" അസംബ്ലിയില്‍ വായിച്ചു. ചടങ്ങിന്റെ സമാപനത്തില്‍ സ്റ്റാഫ് സെക്രട്ടറി ജി കെ അനില്‍കുമാര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.