പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday, 29 August 2019

ദേശീയ കായിക ദിനം ആചരിച്ചു

 
 ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി താരം ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് (ആഗസ്ത് 29) ദേശീയ കായികദിനം പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. 1928, 1932, 1936 എന്നീ തുടര്‍ച്ചയായ ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുക്കുന്നതില്‍ ധ്യാന്‍ ചന്ദ് സുപ്രധാന പങ്കുവഹിച്ചു. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായാണ് കണക്കാക്കപെടുന്നത്. കളിക്കളത്തില്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഏതൊരു കായികതാരത്തെയും പ്രചോദിപ്പിക്കുന്നതാണ് ധ്യാന്‍ ചന്ദിന്റെ ഓര്‍മ്മകള്‍. കായികക്ഷമതയുടെ പ്രാധാന്യം വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. ആരോഗ്യമുള്ള ജനതയിലെ ആരോഗ്യമുളള മനസ്സുണ്ടാകൂ. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ നമുക്ക് നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാവരും ഉറപ്പുവരുത്തണം. ഈ ലകഷ്യത്തെ മുൻനിർത്തി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.പരിപാടികൾക്ക് പ്രിൻസിപ്പാൾ ശ്രീ.ഭരതരാജൻ മാസ്ററർ, പ്രധാനധ്യാപിക ശ്രീമതി.സുജയകുമാരി, സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ, എസ് ആർ ജി കൺവീനർ ശ്രീമതി.ശ്രീലത ടീച്ചർ എന്നിവർ നേതൃത്വം നൽകി

Thursday, 22 August 2019

അറിവിന്റെ സാഗരമായി ‘വിജ്ഞാൻ സാഗർ’
                വിജ്ഞാന വികസന രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് കളമൊരുക്കിയ 'വിജ്ഞാൻ സാഗർ' പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു. തൃശൂരിൽ രാമവർമപുരത്ത് കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ശാസ്ത്രസാങ്കേതിക പാർക്ക് ശാസ്ത്രത്തെ സ്നേഹിക്കുന്നവരുടെ കളിത്തൊട്ടിലായിക്കഴിഞ്ഞു. സ്വപ്നഭൂമിയായ വിജ്ഞാൻ സാഗറിലേക്ക് വിദ്യാർഥികളുടേയും അധ്യാപകരുടേയും ഗവേഷകരുടേയും ഒഴുക്കു തുടങ്ങി. സന്ദർശകരെ ആകർഷിക്കുകയോ ടൂറിസത്തിന് ആക്കം കൂട്ടുകയോ അല്ല, വിജ്ഞാന വികസന രംഗത്ത് രാസത്വരകമായി പ്രവർത്തിക്കുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ വിജ്ഞാനം പകർന്നു നൽകുകയുമാണ് വിജ്ഞാൻ സാഗറിന്റെ ലക്ഷ്യം. തനത് പരീക്ഷണങ്ങൾ നടത്തുന്നതിനും അടിസ്ഥാന ശാസ്ത്രവും ഉന്നത ശാസ്ത്ര സാങ്കേതിക വിവരങ്ങളും കൈമാറുന്നതിനുമാണ് ഈ സ്ഥാപനം ഊന്നൽ നൽകുന്നത്. മികച്ച വിദ്യാർഥികളുടേയും ഗവേഷകരുടേയും അധ്യാപകരുടേയും നിര കെട്ടിപ്പടുക്കാൻ ഇതിലൂടെ കഴിയും. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഒരു ശാസ്ത്ര സാങ്കേതിക പാർക്ക് ആദ്യമായിട്ടാണ്. കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ശാസ്ത്രസാങ്കേതിക പാർക്കുകൾ മ്യൂസിയമായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളതും പ്രവർത്തിക്കുന്നതും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര മ്യൂസിയങ്ങൾക്കുള്ള ദേശീയ കൗൺസിൽ ആണ് അവ നിർമിച്ചതും നിയന്ത്രിക്കുന്നതും. എന്നാൽ തൃശൂരിലെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക് ജനങ്ങളുടെ മേൽനോട്ടത്തിലുള്ളതാണെന്ന് പറയാം. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗറിന് പഠന ഗവേഷണങ്ങൾ മാത്രമാണ് ലക്ഷ്യം. വിദ്യാർഥികളെ ശാസ്ത്ര തൽപ്പരരാക്കുക, ലോകോത്തര നിലവാരത്തിലേക്ക് വളരാൻ അവരെ പ്രാപ്തരാക്കുക, ശാസ്ത്രം പഠിക്കുന്നതോടൊപ്പം ശാസ്ത്രബോധമുള്ളവരായി വളർത്തുക... ഇതൊക്കെയാണ് വിജ്ഞാൻ സാഗറിന്റെ ലക്ഷ്യം.
                 2017 ആഗസ്ത് 31ന് ഉദ്ഘാടനം ചെയ്ത വിജ്ഞാൻ സാഗറിൽ സയൻസ് ലാബ്, സ്പെയ്സ് എക്സ്പ്ലോറിയം, ഐഎസ്ആർഒ പവിലിയൻ തുടങ്ങിയവയെല്ലാം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മുഖ്യകവാടം കയറി വരുന്നിടത്തുള്ള ഉപഗ്രഹസമേതമുള്ള ഭൂമിയുടെ മാതൃകയും കണ്ണാടികൊണ്ടുള്ള വിസ്മയലോകവും ആരെയും ആകർഷിക്കും. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും അതിലെ കോടാനുകോടി നക്ഷത്രങ്ങളെപ്പറ്റിയും ഗാലക്സികൾ, ഗ്രഹങ്ങൾ, തമോഗർത്തം, അന്യഗ്രഹ ജീവികൾ തുടങ്ങിയവയെക്കുറിച്ചും വിശദമായ അറിവ് നൽകുന്നതാണ് ഇവിടെയുള്ള സ്പെയ്സ് എക്സ്പ്ലോറിയം. ഹബിൾ ടെലസ്കോപ് , സ്പേയ്സ് സ്യൂട്ട്, ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷൻ, ശൂന്യാകാശ യാത്രകൾ തുടങ്ങി നിരവധി കാര്യങ്ങളുടെ വിശദാംശങ്ങൾ എക്സ്പ്ലോറിയത്തിൽ കണ്ടു. ഐഎസ്ആർ ഒയുടെ സ്പേയ്സ് പവിലിയൻ ഇന്ത്യൻ ബഹിരാകാശ രംഗത്തെ ഗവേഷണങ്ങളുടേയും പ്രവർത്തനങ്ങളുടേയും വ്യക്തമായ ചിത്രം നൽകുന്നുണ്ട്. ക്രയോജനിക് എൻജിൻ, ഉപഗ്രഹങ്ങൾ, വിക്ഷേപണികൾ, റോക്കറ്റുകൾ തുടങ്ങി ഇന്ത്യ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിശദമായി മനസ്സിലാക്കാനാവും. ഇൻസാറ്റ് പരമ്പരയിൽപ്പെട്ടവയടക്കം ഇന്ത്യ നിർമിച്ച് വിക്ഷേപിച്ച നിരവധി ഉപഗ്രഹങ്ങളുടെ മാതൃകകൾ കാണാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും കഴിയും. അമ്പത് പേർക്ക് ഇരിക്കാവുന്ന 'സ്പേയ്സ് ടാക്കീസ്' ഈ പവിലിയന്റെ മറ്റൊരു ആകർഷണമാണ്. ചാന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങളെക്കുറിച്ചും ഇവിടെ നമുക്ക് പഠിക്കാം.
                വിജ്ഞാൻ സാഗർ ശരിക്കും വിജ്ഞാനത്തിന്റെ സാഗരമാണ്. വിജ്ഞാനദാഹികൾക്കു വേണ്ടിയുള്ളതാണ്. ശാസ്ത്രം ഗൗരവമായി കാണുന്നവർക്കുള്ളതാണ്. ഒരു വിനോദയാത്രപോലെ അവിടേക്ക് പോകരുത്. ശാസ്ത്രം അറിയാൻ, അനുഭവിക്കാൻ, ഉൾക്കൊള്ളാൻ .... വരൂ, വിജ്ഞാൻ സാഗർ നിങ്ങളെ സ്വീകരിക്കും.

Thursday, 1 August 2019

ആഗസ്റ്റ് 1 ലോക കൗമാരദിനം

പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ലോക കൗമാരദിനം ആചരിച്ചു. ദിനാചരണം പ്രശസ്ത സിനിമാ നടനും നാടകപ്രവർത്തകനും ആയ ശ്രീ.ബാല സുബ്രഹ്മണ്യ അയ്യർ ( ബാലസു ) ഉദ്ഘാടനം ചെയ്തു. കൗമാരദശയിലെ കുട്ടികൾ തങ്ങളുടെ ചുറ്റുപാടുകളെ എങ്ങനെ നോക്കിക്കാണുന്നു എന്തിന്റെ നേർചിത്രമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇന്ററാക്ടീവ് സ്കിറ്റ്. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റേയും തൃശൂർ കോർപ്പറേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉൽപ്പന്നമായിരുന്നു സ്കിറ്റ്. സാംസ്കാരിക വകുപ്പ് നാടക ഫാക്കൽട്ടി ശ്രീ.സനോജ് മാമോയുടെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലിച്ചത്. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽവച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുപത്രിക പൂമരം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബരദരാജൻ മാസ്ററർ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി. സുജയകുമാരി ടീച്ചർ, സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ, എസ് ആർ ജി കൺവീനർ ശ്രീമതി. ശ്രീലത ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് േതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സോഹൻലാൽ മാസ്ററർ സ്വാഗതവും കൗൺസലിങ്ങ് ടീച്ചർ ശ്രീമതി.സൗമ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
കൗമാരം രാജ്യത്തിന്റെ കരുത്ത്



                         കൗമാരം രാജ്യത്തിന്റെ കരുത്താണെന്ന് ശ്രീ ബരദരാജൻ മാസ്ററർ. പൂങ്കുന്നം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കൗമാരദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് SHN കുമാരി. ആതിര അധ്യക്ഷയായി. ശ്രീമതി. സത്യഭാമടീച്ചർ ആശംസകളർപ്പിച്ചു. സോഹൻലാൽ സ്വാഗതവും കൗൺസലിങ്ങ് ടീച്ചർ ശ്രീമതി. സൗമ്യ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ആരോഗ്യ പരിശോധനയും കൗമാരാവസ്ഥയെക്കുറിച്ചുള്ള ക്ലാസ്സും നടന്നു. ആഗസ്റ്റ് ഒന്നിന് ലോക കൗമാരദിനത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ പരിശീലന പരിപാടിയും ആരംഭിച്ചു.