കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തു നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് പൂങ്കുന്നം. സ്കൂളിന്റെ ചരിത്രത്തിന്റെ ആത്മാവിലേക്ക് എത്തിനോക്കുമ്പോള്‍ അതിന്റെ ചരിത്ര മേഖലകളെ പ്രധാനമായും നാലായി തരം തിരിക്കാം.
1. സാമൂഹികം 2. വാങ്മയം 3. ഭൗതികം 4.സാംസ്കാരികം
1. സാമൂഹികം :-
ഒരു പ്രദേശത്തെ ചരിത്രം മുഖ്യമായും ഉള്‍ക്കൊള്ളുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണ് സാമൂഹികം. അതില്‍ തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുന്നിട്ടു നില്‍ക്കുന്നു. പൂങ്കുന്നം സ്കൂളിന്റെ പടിപടിയായുള്ള പുരോഗമന മേഖലകളിലേക്ക് നമുക്ക് കടന്നു ചെല്ലാം.
a, വിദ്യാഭ്യാസം :-
15.1.1926 – ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 4 1/2 ക്ലാസ്സാക്കി മാറ്റി. താമസിയാതെ 1961 – ല്‍ ജൂണ്‍ മാസത്തില്‍ 19 ആം തിയതി അത് യു.പി സ്കൂളായി വികസിപ്പിക്കുകയും 4.8.1980 – ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു.
ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.എന്‍.പി.രാമന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു. 1983 – ല്‍ പുറത്തിറങ്ങിയ ആദ്യ പത്താംതരക്കാരായ 129 പേരില്‍ 59% കുട്ടികള്‍ വിജയിച്ചു. പിന്നീട് 1985 -ല്‍ വിജയശതമാനം 90 ആയി ഉയര്‍ന്നു. ഇത് സ്കൂളിന്റെ ചരിത്രത്തിലെ നിലവിലുള്ള വിജയത്തേക്കാള്‍ ഏറ്റവും ഉയര്‍ന്നതായിരുന്നു. ആ വര്‍ഷം 1100 കുട്ടികളായിരുന്നു ഇവിടെ പഠിച്ചിരു്നത്. 38 അധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടയിരുന്നു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയങ്ങള്‍ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. പൂങ്കുന്നം സ്കൂളിന്റെ പടിപടിയായുള്ള വളര്‍ച്ചക്ക് സമീപപ്രദേശത്തുള്ള പ്രധാന ആരാധനാലയങ്ങളായ കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രവും, സെന്റ് തോമസ് ക്രിസ്റ്റ്യന്‍ പള്ളിയും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. മാത്രമല്ല പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ പ്രയത്നവും സ്കൂളിന്റെ ഈ പുരോഗതിക്ക് കാരണമായിട്ടുണ്ട്. തന്മൂലം 9.8.2004 – ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കന്‍ണ്ടറി സ്കൂളായി മാറുകയും ചെയ്തു. മുന്‍ തൃശൂര്‍ എം.എല്‍.എ ധര്‍മ്മരാജയ്യര്‍, ഗോപാലവൈദ്യര്‍, ശ്രീ.കെ.ആര്‍.ജോസ്, മുന്‍ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ .ശ്രീ. പരമന്‍ , മന്ത്രി ശ്രീ. കെ.പി രാജേന്ദ്രന്‍, എം.പി.ശ്രീ.പി.ആര്‍ രാജന്‍, എം.പി.ശ്രീ.സി.കെ ചന്ദ്രപ്പന്‍, ഇട്ട്യേംപുറത്ത് ശ്രീ. വിജയന്‍ തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ലഭിച്ചു കൊണ്ടിരുന്നു.
b, ഗതാഗതം :-
മുന്‍ കാലങ്ങളില്‍ ഈ പ്രദേശത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങള്‍ കാല്‍നട, കുതിരവണ്ടി, കാളവണ്ടി തുടങ്ങിയവയായിരുന്നു. സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലുള്ളവര്‍ കുതിവണ്ടിയിലും തൊട്ടുതാഴെ നില്‍ക്കുന്നവര്‍ കാളവണ്ടികളിലും സാധാരണക്കാര്‍ കാല്‍നടയുമാണ് സഞ്ചാരത്തിന് വിനിയോഗിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണക്കാലത്ത് റാവു ബഹദൂര്‍ എന്ന സ്ഥാനപേരുള്ളവര്‍ക്ക് രണ്ട് കുതിരപൂട്ടിയ വണ്ടിയുണ്ടായിരുന്നു. സ്കൂളിന്റെ മുന്‍വശത്തുകൂടി ഒരു പ്രധാന പാത ത്രിശൂര്‍ നഗരവുമായി ബന്ധിപ്പിച്ചിരുന്നു. ഇതിനു സമീപം വലിയ കിടങ്ങുണ്ടായിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. സര്‍.ആര്‍.കെ ഷണ്‍മുഖം ചെട്ടിദിവാനായിരുന്ന കാലത്ത് പ്രധാന പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ഇന്നത്തെ ഗതാഗത സൗകര്യം ഉണ്ടക്കുകയും ചെയ്തു. രോഗികളെ കൊണ്ടു പോകാനും സമ്പന്നര്‍ക്ക് യാത്ര ചെയ്യാനും റിക്ഷാവണ്ടികള്‍ ഉണ്ടായിരുന്നു. ആളുകളായിരുന്നു ഇത്തരം വണ്ടികള്‍ വലിച്ചിരുന്നത്. സ്കൂളിനോട് ചേര്‍ന്നാണ് അന്നെത്ത പ്രധാന റയില്‍വേ സ്റ്റേഷനായ പൂങ്കുന്നം സ്റ്റേഷന്‍ ഉണ്ടായിരുന്നത്. സമീപത്തുള്ള സീതാറാം മില്ലിലെ തുണി ഉല്‍പന്നങ്ങള്‍ കൊണ്ടുപോയിരുന്നത് ഇവിടെ നിന്നാണ്. കാലങ്ങള്‍ കഴിഞ്ഞതോടെ 1994 – ല്‍ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി റെയിലിനു മുകളിലൂടെ ഒരു മേല്‍പ്പാലം നിര്‍മ്മിച്ചു.
c, വാര്‍ത്താവിനിമയം :-
സീതാറാം മില്ലിന്റെ സാന്നിദ്ധ്യം തപാല്‍ സൗകര്യം ഉണ്ടാക്കുന്നതിലേക്ക് വഴിതെളിയിച്ചു. റയില്‍വേ സ്റ്റേഷന്റെ സമീപത്തായിരുന്നു ആദ്യം തപാലാപ്പീസ് ഉണ്ടയിരുന്നത്. അഞ്ചലോട്ടം വഴിയാണ് ആദ്യം എഴുത്ത് കൊണ്ടുപോയിരുന്നത്. ഭരണകര്‍ത്താക്കളുടെ കുറിപ്പുകള്‍ കൊണ്ടുവരാന്‍ പ്രത്യേകം ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു. തംമ്പോഗത്തില്‍ വിളംബരം ചെയ്യുന്ന രീതിയും ഉണ്ടയിരുന്നു. 'പോസ്റ്റല്‍ സുപ്രണ്ടാഫീസ് ' ആദ്യമായി വന്നത് ത്രിശൂരില്‍ പൂങ്കുന്നത്തായിരുന്നു,
d, തൊഴിലും കൃഷിയും :-
പണ്ട് കാലത്ത് ഈ പ്രദേശത്തെ പ്രധാന തൊഴിലുകള്‍ കമ്പനി ജോലിയും എണ്ണക്കച്ചവടവും പിന്നെ കൃഷിയുമായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രധാന വ്യവസായ സ്ഥാപനം തുണി ഉല്‍പാദിപ്പിച്ചിരുന്ന "സീതാറാം മില്‍” ആയിരുന്നു. 1959 -ല്‍ ഇത് അഗ്നിക്കിരയാവുകയും പ്രദേശത്തെ അത് വളരെയധികം സാമ്പത്തിക പരാധീനതയിലേക്ക് നയിക്കുകയും ചെയ്തു. ആനുകൂല്യങ്ങളുടെ തര്‍ക്കത്തിന്റെ പരിഹാരം ഉടമസ്ഥരും തൊഴിലാളികളും ആയി ഒത്തു തീര്‍ക്കപ്പെടാത്തതിനാല്‍ കമ്പനിയിപ്പോള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ , തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണ കമ്പനികള്‍. മനുഷ്യര്‍ വലിക്കുന്ന എണ്ണചക്കുകള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ വടക്കു കിഴക്കു ഭാഗങ്ങളില്‍ നെല്‍കൃഷിയായിരുന്നു കൂടുതല്‍. നെല്ലിനു പുറമെ തെങ്ങ്, വാഴ ഇവയും കൃഷി ചെയ്തിരുന്നു. തോടുകളും കുളങ്ങളും കിണറുകളുമായിരുന്നു ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍.
e, ഭരണം :-
ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഈ വിദ്യാലയം നിലനിന്നിരുന്നത്. അന്ന് കേരളത്തെ മലബാര്‍ എന്നും തിരുവിതാംകൂര്‍ എന്നും കൊച്ചി വിഭാഗമെന്നും തിരിച്ചിരുന്നു. ഇതില്‍ കൊച്ചിമഹാരാജാവിന്റെ കീഴിലായിരുന്ന ഈ സ്ഥാപനം തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ലയിച്ചപ്പോള്‍ തിരു-കൊച്ചിയുടെ കീഴില്‍ ആയി. കേരളത്തിന്റെ ഭരണകര്‍ത്താക്കള്‍ ഭരിക്കുമ്പോഴും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുള്ള ഭരണകേന്ദ്രങ്ങളായിരുന്നു മുഴുവനും. ബ്രിട്ടീഷുകാരുടെ കയ്യാളന്‍മാരായിരുന്ന പ്രാദേശിക പ്രമാണിമാര്‍ മറ്റുള്ളവരുടെ സ്വത്തും സമ്പത്തും കൈവശം വെച്ചു പോന്നു. സമൂഹത്തിലെ പ്രമാണിമാര്‍ ആയിരുന്നു പ്രാദേശികതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ക്ക് വിചാരണവേദിയായി വര്‍ത്തിച്ചു പോന്നിരുന്നത്. എന്നിട്ടും തീരാത്ത പ്രശ്നങ്ങള്‍ പോലീസ്, മറ്റു നീതിന്യായ പീഠങ്ങളിലേക്ക് ഏല്‍പ്പിച്ചു പോന്നിരുന്നു. കഠിന ശിക്ഷാരീതികള്‍ നിലനിന്നിരുന്നു. രാജഭരണത്തിനു വേണ്ടി റവന്യൂ നികുതി നേരിട്ടു വന്നു പിരിച്ചിരുന്നു. നികുതി താരതമ്യേന വളരെ കുറവായിരുന്നു.
ഭരണം വളരെ ചിട്ടയുള്ളതും, അച്ചടക്കം ഉള്ളതുമായിരുന്നു. ഭരണക്കാര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് അവബോധം വളരെ കുറവായിരുന്നു. ഭരണസ്ഥാപനങ്ങള്‍ നമ്മുടെ കൈവശം ആണെങ്കിലും പരോക്ഷമായി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിനു കീഴില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് (1947 -നു ശേഷം) ഭരണം, തൊഴില്‍, കൃഷി എന്നിങ്ങനെ മറ്റു സാമൂഹിക കാര്യങ്ങളില്‍ ഒരു പരിധി വരെ സ്വയം പര്യാപ്തരായി.
2 വാങ്മയം :-
കൃഷിയിടങ്ങളില്‍ പണിചെയ്തിരുന്ന കര്‍ഷകര്‍, നാറു നടുമ്പോഴും, വിത്തു വിതക്കുമ്പോഴും, നെല്ല് കൊയ്യുമ്പോഴും പണിഭാരം കുറയ്ക്കുന്നതിനും, വിനോദത്തിനു വേണ്ടിയും വായ്ത്താരികള്‍ പാടാറുണ്ടായിരുന്നു......
ആ തിന്ത തിനന്തിനന്തിന്തോം തിന്തിന്താരാ.
ആ തിന്ത തിനന്തിനന്തിന്തോം തിന്തിന്താരാ.
വടക്കൊള്ള കെളക്കെളച്ചേ തിന്തിന്താരാ
കിഴക്കൊള്ള കെളക്കെളച്ചേ തിന്തിന്താരാ
ആ തിന്ത തിനന്തിനന്തിന്തോം തിന്തിന്താരാ..... .
രാജാക്കന്മാരേയും, പ്രമാണിമാരേയും കുറിച്ചുള്ള അതിശയോക്തി കലര്‍ന്നുള്ള പലതരത്തിലുള്ള കഥകള്‍ അന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നു.
കുമ്മാട്ടിക്കളി
ഓണക്കാലത്തിനോടനുബന്ധിച്ച് നടന്നുവന്നിരുന്ന ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടിക്കളി. പര്‍പ്പടകപുല്ലും, വാഴയിലയും ഉപയോഗിച്ച് ദേഹമാസകലം വെച്ചുകെട്ടി മുഖം മൂടി അണിഞ്ഞ് ഊരു ചുറ്റി നടക്കുന്നു. നാടന്‍ കഥകള്‍ കോര്‍ത്തിണക്കിയ പാട്ടുകള്‍. പാടി അനിതൊത്തു നൃത്തം വെയ്ക്കുന്നു.....
1.തള്ളേ തള്ളേ എങ്ങട്ടു പോണു ?
ഭരണിക്കാവിലെ നെല്ലിനു പോണു.
അവിടത്തെ തമ്പുരാന്‍ എന്തു പറഞ്ഞു
തല്ലാന്‍ വന്നു,കുത്താന്‍ വന്നു.
ഓടിയൊളിച്ചു കൈതക്കാട്ടില്‍
കൈതെനിക്കൊരു പൂ തന്നു.
പൂവ് കൊണ്ട് മാളത്തിലിട്ടു.
മാളനിക്കൊരു കയര്‍ തന്നു.
കയറു കൊണ്ട് കാളെ കെട്ടി.
കാളെനിക്കൊരു കുന്തി തന്നു.
കുന്തി കൊണ്ടു വാഴക്കിട്ടു.
വാഴനിക്കൊരു കുലാ തന്നു.
കുലാകൊണ്ട് പത്തായത്തിലിട്ടു
പത്തായമെനിക്കതു പഴുപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു.
2.മഞ്ഞനായരെ കുഞ്ഞനായരെ,
മഞ്ഞക്കാട്ടില്‍ പോയാലോ ?
മഞ്ഞക്കാട്ടില് പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂലുംപറിക്കാലോ
പപ്പും തൂലും പറിച്ചാപിന്നെ
ചട്ടീലിട്ടി വരട്ടാലൊ....
ഇങ്ങനെ ഒട്ടവധി കുമ്മാട്ടിപ്പാട്ടുകല്‍ പ്രചാരത്തല്‍ ഉണ്ടയിരുന്നു പ്രാദേശികമായ എല്ലാ സംസ്കാരങ്ങളും വെളിവാക്കുന്ന പാട്ടുകളായിരുന്നു മുഴുവനും.
നാടന്‍ ചൊല്ലുകള്‍
ഒരു ജനതയുടെ സംസ്കാരവും, ആചാരവിശേഷങ്ങളും തൊഴില്‍ സാമുദായിക ജീവിതം എന്നു വേണ്ട എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞു വരുന്ന നാടന്‍ ശൈലികള്‍ ഈപ്രദേശത്തെ ആളുകള്‍ക്കിടയില്‍ നിലനിന്നിരുന്ന ചില നാടന്‍ പ്രയോഗങ്ങള്‍
അഥവാ ചൊല്ലുകള്‍ നമുക്ക് പരിശോധിക്കാം.
1.എളിയവരെ വലിയനടിച്ചാല്‍ വിലയവനെ ദൈവം അടിക്കും.
2.ആനയിരുന്നാലും ആനചെരിഞ്ഞാലും ആയിരം.
3.വേലിചാടുന്ന പശുവിന്, കോലുകൊണ്ട് മരണം.
4.ആര്‍ക്കാനിരുമ്പിടിക്കും, അവനവന് തവിടിടിക്കും.
5.അഞ്ചില്‍ വളയാത്തത് അമ്പതില്‍ വളയുമോ ?
6.അല്ലലുള്ള പുലിയിലേ ചുള്ളിലുള്ള കാടറിയൂ.
7.ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം.
3 ഭൗതികം
ഭൗതിക മേഖലയെ വൈദ്യം, ആരോഗ്യവും ഭക്ഷണവും, നാടന്‍ കളികള്‍, വസ്ത്രം, ഗൃഹനിര്‍മാണം എന്നീ ഉപവിഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്.
വൈദ്യം
ആയ്യുര്‍വേദ വൈദ്യമായിരുന്നു കൂടുതല്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന ചികിത്സാരീതി. പരമ്പരാഗത നാട്ടുവൈദ്യവും, വിഷചികിത്സയും നിലനിന്നിരുന്നു. കുഞ്ചുവൈദ്യര്‍, വൈദ്യന്‍ ശങ്കരനായര്‍ എന്നിവര്‍ പ്രഗല്‍ഭരായ ആയ്യുര്‍വ്വേദ വൈദ്യന്മാരായിരുന്നു. അന്ന് വിഷവൈദ്യം നിലനിന്നിരുന്നു. ഗോപാലവൈദ്യര്‍ പേരുകേട്ട വിഷവൈദ്യന്‍ ആയിരുന്നു. അസുഖങ്ങള്‍ പൊതുവെ കുറവായിരുന്നു. മിക്ക ചികിത്സാരീതികള്‍ക്കും പഥ്യങ്ങള്‍ ഉണ്ടായിരുന്നു.ചികിത്സാരീതികള്‍ക്ക് ചിലവ് വളരെ കുറവായിരുന്നു. പരിസര പ്രദേശങ്ങളില്‍ നിന്നു തന്നെ ചികിത്സക്കുള്ള മരുന്നുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നു. മൃഗ ചികിത്സ പ്രാബല്യത്തില്‍ ഉണ്ടയിരുന്നു. പശു, ആട്,എരുമ തുടങ്ങിയ മൃഗങ്ങളെ ചികിത്സിക്കുന്നതിന് പ്രാവീണ്യം നേടിയ മൃഗചികിത്സാവൈദ്യന്മാര്‍ നിലവിലുണ്ടായിരുന്നു.
കൃഷ്ണ തുളസി, ചെത്തി, ആര്യലവേപ്പ്, കീഴാര്‍ നെല്ലി, മഞ്ഞള്‍, പനിക്കൂര്‍ക്ക, ആടലോടകം, കൂവളം, തിപ്പലി, ചക്കരക്കെല്ലി, കല്ലുരുക്കിച്ചെടി, കുറുന്തോട്ടി, ചിറ്റാമൃത്, തഴുതാമ, ബ്രഹ്മിനെല്ലി, മുരിങ്ങ, പതിമുഖം, തുടങ്ങിയ ചെടികളും,വൃക്ഷങ്ങളും ധാരാളമായി വീടുകളുലും പറമ്പുകളിലും ഉണ്ടായിരുന്നു.
ആരോഗ്യവും - ഭക്ഷണവും
അന്നത്തെ ആളുകള്‍ പൊതുവെ കഠിനധ്വാനികള്‍ ആയിരുന്നു. കഞ്ഞിയായിരുന്നു സാധാരണക്കാരുടെ പ്രധാന ഭക്ഷണം. സമ്പന്നര്‍ ഉച്ചക്ക് ഊണു കഴിച്ചിരുന്നു. കപ്പ, കാവത്ത്, ചേന, ചക്കപ്പഴം, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.
സംഭാരം, കരിക്ക് ഇവയായിരുന്നു പ്രധാനപാനീയങ്ങള്‍. മത്സ്യവും മാംസവും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിരളമായിരുന്നു. വയലുകളിലും കൃഷിയിടങ്ങളിലും പണിയെടുത്തിരുന്ന പുരുഷന്മാരും സ്ത്രീകളും വളരെ ആരോഗ്യം ഉള്ളവരായിരുന്നു.
നാടന്‍ കളികള്‍
പഴയകാലത്ത് വിലവിലുണ്ടായിരുന്ന പ്രധാന വിനോദങ്ങളാണ് കുട്ടിയും കോലും, തലപ്പന്തുക്കളി, പകിടകളി, ചതുരംഗം, കണ്ണുപൊത്തിക്കളി, ഇട്ടാരം കളി, തുണിപ്പന്തുകളി, ഓണത്തല്ല്, വടംവലി, ഉറിയടി മുതലായവ....
രാജകുടുംബാംഗങ്ങളും, പ്രമാണിമാരും കൂടുതലായും ചതുരംഗകളിയിലാണ് ഏര്‍പ്പെട്ടിരുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട വിനോദമാണ് ഉറിയടി. ഇതില്‍ പങ്കെടുത്തിരുന്നവരുടെ കണ്ണുകെട്ടി കയ്യില്‍ ഒരു ദണ്ഡ് കൊടുക്കുന്നു. ഉയര്‍ന്നും,,താഴ്ന്നും വരുന്ന ഉറിയെ അടിച്ചുടക്കുമ്പോഴാണ് വിജയിയെ നിശ്ചയിക്കുന്നത്. പൊതുവെ കായിക ശക്തി വെളിവാക്കുന്ന വിനോദമാണ് വടംവലി. പത്തിരുപത് പേര്‍ ഇരുഭാഗങ്ങളിലായി വടം പിടിക്കുകയും, വടത്തിന് മദ്ധ്യത്തിലുള്ള നാട നിലത്ത് അടയാളപ്പെടുത്തിയ രേഖ ഏതുഭാഗത്തേക്കാണോ മറിക്കടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വിജയിയെ നിശ്ചയിക്കുന്നു ഇതിനു പുറമേ കാര്‍ഷിക വിളയെടുപ്പിനു ശേഷം വയലുകളില്‍ നടത്തുന്ന കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടത്തുന്ന പോത്തോട്ടമത്സരവും പ്രചാരത്തിലുണ്ടായിരുന്നു.
വസ്ത്രധാരണം
ചട്ടയും മുണ്ടും ആയിരുന്നു ക്രിസ്ത്യന്‍ സ്ത്രീകളുടെ പ്രധാന വസ്ത്രം. മുണ്ടും, ജാക്കറ്റും ആയിരുന്നു സ്ത്രീകളുടെ വേഷം. സാധാരണക്കാരായ പുരുഷന്മാര്‍ മേല്‍ വസ്ത്രം ധരിക്കാറില്ല. തോര്‍ത്തു മുണ്ടും ഉപയോഗിച്ചിരുന്നു. സമൂഹത്തിലെ സമ്പന്നരും, പ്രമാണമാരും കസവുമുണ്ടും മേല്‍മുണ്ടും ധരിച്ചിരുന്നു.
ഗൃഹനിര്‍മ്മാണം
ഗൃഹനിര്‍മ്മാണത്തില്‍ മണ്ണുകൊണ്ടുള്ള വീടുകള്‍ ആയിരുന്നു കൂടുതലും. ഓല, ഓട്, വൈക്കോല്‍ എന്നിവയും ഗൃഹനിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു. ഗൃഹനിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ സ്വന്തം സ്ഥലത്തു നിന്നോ മറ്റിടങ്ങളില്‍ നിന്നോ കാല്‍നടയായോ, കാളവണ്ടിയിലോ എത്തിച്ചു പോന്നു. പ്രമാണികളുടെയും സമ്പന്നരുടെയും വീടുകള്‍ ഓടുമേഞ്ഞവയായിരുന്നു. സാധാരണക്കാരുടെ ഭവനങ്ങള്‍ ഓല കൊണ്ടും, വൈക്കോല്‍ കൊണ്ടും മേഞ്ഞവയായിരുന്നു, ഗൃഹനിര്‍മാണത്തില്‍ പ്രാഗല്‍ഭരായവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു.
4 സാംസ്കാരികം
ഞങ്ങളുടെ വിദ്യാലയത്തിന്റെ സമീപത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍ ആണ് കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം എന്നിവ. ഇവയില്‍ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുട്ടന്‍കുളങ്ങര ക്ഷേത്രം. ഈ പ്രദേശവും, ക്ഷേത്രവും പടിഞ്ഞാറ്റേടത്ത് മനവകയായിരുന്നു.
ഏകദേശം 600 വര്‍ത്തിനുമേല്‍ പഴക്കമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ടിപ്പുവിന്റെ പടയോട്ടകാലത്ത് മറ്റു നിരവധി ക്ഷേത്രങ്ങള്‍ക്ക് വന്ന ദുര്‍വിധി ഈ ക്ഷേത്രത്തേയും പിടികൂടി. ക്ഷേത്രം നാശോന്‍മുകമായി തീര്‍ന്നു. അങ്ങനെ ക്ഷേത്ര പരിസരം ദാരിദ്രവും കഷ്ടതയും കൊണ്ടു നിറഞ്ഞു. ഈ കഷ്ടതകള്‍ പടിഞ്ഞാറ്റേടത്ത് മനയേയും ബാധിച്ചതും കുട്ടികളില്ലാത്ത ദുഃഖവും മനയ്ക്കല്‍ അഷ്ടമംഗല്ല്യ പ്രശ്നം വെക്കുന്നിതന് കാരണമായി. മനയുടെ വടക്കുകിഴക്കു ഭാഗത്ത് പണ്ട് മനവക ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് നശിച്ചു കിടക്കുകയാണെന്നും ആ ക്ഷേത്രം പുനരുദ്ധരിച്ചാല്‍ മാത്രമേ മനയ്ക്കല്‍ പുത്രലഭ്ദി ഉണ്ടാകു എന്നായിരുന്നു തെളിഞ്ഞു വന്നത്. അധികം താമസമുണ്ടായില്ല. അന്വേഷണത്തിനിടയില്‍ പൂങ്കുന്നത്ത് മൊട്ടകുന്നായി കിടക്കുന്ന പ്രദേശവും ,കുളവും, കിണറും ശ്രദ്ധയില്‍പ്പെട്ടു. ക്ഷേത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തി. ഈ പ്രദേശവും ക്ഷേത്രവും പടിഞ്ഞാറ്റേടത്ത് മനവക ആയിരുന്നുവെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. കുളം വൃത്തിയാക്കിയെടുക്കുന്ന കാര്യത്തിനിടക്ക് അതിമനോഹരമായ ഒരു വിഷ്ണു വിഗ്രഹം കണ്ടുകിട്ടി. ചെറിയൊരു ക്ഷേത്രം പണിതു ശുഭമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടത്തി. നിത്യാനിദാനങ്ങള്‍ തുടങ്ങുകയും ചെയ്തു. നാടിന് ഉണര്‍വുമായി. മനയ്ക്കല്‍ ഉണ്ണിയുണ്ടായി. സര്‍വ്വൈശ്വര്യവും കളിയാടി. അന്നു മുതല്‍ മനവക പൂജയും ആണ്ടിലൊരിക്കല്‍ ഉത്സവവും മുടങ്ങാതെ നടന്നു തുടങ്ങി.
കാലത്തില്‍ വന്ന മാറ്റങ്ങളില്‍ മാറിവന്ന ഭൂപരിഷ്കരണ നിയമം പടിഞ്ഞാറ്റേടത്ത് മനയെ തളര്‍ത്തി. കൂടാതെ ചേറംപറ്റ മനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മരണം ക്ഷേത്രത്തെ നാഥനില്ലാതാക്കി.
ഈ പ്രദേശത്തെ ജനങ്ങളുടെ അന്നമാര്‍ഗ്ഗമായിരുന്നു സീതാറാം മില്‍ 1959 – ല്‍ അഗ്നിക്കിരയാക്കിയതോടുകൂടി അമ്പലപരിസരം ദുരിതങ്ങളുടെ കൂത്തരങ്ങായി.
ഒടുവില്‍ 1970-ല്‍ പ്രായഭേദവ്യത്യാസമില്ലാതെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് എട്ടുദിവസത്തെ ഉത്സവം പുനരാരംഭിക്കാനും, പള്ളിവേട്ട മൂന്നാനയോടുകൂടി പൂങ്കുന്നം ശിവക്ഷേത്ര മൈതാനിയില്‍ നിന്ന് പുറപ്പെടാനും, തീരുമാനിച്ചു. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
പിന്നെ സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരമ്പലമാണ് പുഷ്പഗിരി ശ്രീരാമസ്വാമി ക്ഷേത്രം. ആദ്യകാലത്ത് ഈ അമ്പലം ഇരിക്കുന്ന സ്ഥലവും ചുറ്റുവട്ടവും ഒരു കാടായിരുന്നു. ഉയര്‍ന്നിരിക്കുന്ന ഈ കാടിന്റേയും സ്ഥലങ്ങളുടെയും ഉത്തരവാദിത്വം കൊച്ചി രാജവശംത്തിലെ ലക്ഷ്മീഭായി തമ്പുരാട്ടിക്കായിരുന്നു. ശ്രീരാമചന്ദ അയ്യര്‍ ആണ് ഈ അമ്പലത്തിന്റേയും ബ്രാഹ്മണ അഗ്രഹാരത്തിന്റേയും സ്ഥാപകന്‍. ആ കഥ ഇങ്ങനെയാണ്.
ശ്രീരാമചന്ദ അയ്യര്‍ ദിവസവും വടക്കുന്നാഥനില്‍ തൊഴുമായിരുന്നു. അയാളുടെ ഇഷ്ടദൈവം ശ്രീരാമനായിരുന്നു. അയാള്‍ ദിവസവും ആലോചിക്കും ശ്രീരാമനെ മുഖ്യപ്രതിഷ്ഠയാക്കി ഒരമ്പലം പണിയണമെന്ന്. ഒരു ദിവസം അയാള്‍ ഈ കാടുകാണാനിടയായി. ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു അത്. അയാള്‍ പിന്നീട് ലക്ഷ്മീഭായി തമ്പുരാട്ടിയില്‍ നിന്ന് സ്ഥലം വിലക്കുവാങ്ങി. പിറ്റേ ദിവസം തന്നെ അദ്ദേഹം പണിക്കാരേയും കൂട്ടി കാടുവെട്ടിതെളിച്ചു. കാടുവെട്ടിതെളിച്ച ആ ഭാഗത്ത് ഒരു പുരാതന ക്ഷേത്ര അവശിഷ്ടം കണ്ടു. ആ ക്ഷേത്രം ഒരു ശിവക്ഷേത്രമാണെന്ന് മനസ്സിലാക്കുകയും ആ ക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു. പക്ഷേ ശ്രീരാമനെ മുഖ്യപ്രതിഷ്ഠയാക്കി അതിനടുത്തു തന്നെ വേറൊരു ക്ഷേത്രവും പണിതു. ഈ പ്രതിഷ്ഠയെ കൂടാതെ ലക്ഷ്മണന്‍, ഗണപതി, നവഗ്രഹങ്ങള്‍, ശാസ്താവ്, നാഗങ്ങള്‍, കൃഷ്ണന്‍, പാര്‍വ്വതി, നന്ദീകേശന്‍, ഹനുമാന്‍ എന്നീ ഉപദൈവങ്ങളും ഉണ്ട്. സീതാസമേതനായ രാമനെ ഒരൊറ്റ അഞ്ജനസിലയിലാണ് കൊത്തിവച്ചിരിക്കുന്നത്. അങ്ങനെ ശ്രീരാമചന്ദ്ര അയ്യര്‍ ഈ ക്ഷേത്രത്തിലെ ദേവീ, ദേവന്‍മാരെ പൂജിക്കാന്‍ തന്ത്രിമാരെ നിയോഗിച്ചു.
ഇവിത്തെ ഉത്സവ രണ്ടു സംസ്കാരങ്ങള്‍ ഒത്തു ചേര്‍ന്നതാണ്. തൃശ്ശൂരിന്റെ തനിമയിലുള്ള ആനയെഴുന്നള്ളിപ്പും, തമിഴ് നാട് ശൈലിയിലുള്ള രഥോല്‍സവവും ഈ ഉത്സവത്തില്‍ ഒത്തു ചേരുന്നു. പതിനൊന്നു ദിവസത്തെ ഉട്ടുമുണ്ട്. 11-ആം ദിവസം ആറോട്ടോടുകൂടി ഇത് അവസാനിക്കുന്നു. ആദ്യത്തെ ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ 1-ആം തേരുകളും(ഹനുമാന്‍, അന്നപ്പക്ഷി, ശ്രീരാമനും സീതയും) പത്താം ദിവസം ശ്രീരാമന്റെയും, സീതയുടെയുംതിടമ്പ് അടങ്ങിയ വലിയ തേരും, ഗ്രാമത്തില്‍ മൊത്തമായും സഞ്ചരിക്കും. പതിനൊന്നാം ദിവസം വിഗ്രഹം എഴുന്നള്ളിച്ച് അടുത്തുള്ള തീര്‍ത്ഥകുള്ത്തില്‍ ആറോട്ടോടുകൂടി ഉത്സവം അവസാനിക്കുന്നു. അതിനുശേഷം അന്നുരാത്രി സീതാകല്ല്യാണം എന്ന വര്‍ണ്ണശളമായ ചടങ്ങ്. ഈ ചടങ്ങില്‍ ശരിക്ക് കല്ല്യാണ നിശ്ചയം മുതല്‍ കല്ല്യാണം വരെ നമുക്ക് നേരില്‍ കാണാം. രാമന്റേയും സീതയുടെയും വീട്ടുകാരായി വരുന്ന ആളുകള്‍ നിശ്ചയതാംബൂലം അങ്ങോട്ടുമിങ്ങോട്ടും മാറുന്നതും പിന്നെ കല്ല്യാണ സമയത്ത് ദൃഷ്ടി ഉഴിയുന്നതും താലികെട്ടുന്നതും നടക്കും. ഇതോടെ ഇവിടുത്തെ എല്ലാ ചടങ്ങുകളും സമാപിക്കുന്നു.
വിദ്യാലയത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായി മുളച്ചുവന്നതാണ്. പിന്നീട് ശിവന് ഈ സ്ഥലം അനുയോജ്യമല്ലാതെ വന്നപ്പോള്‍ ഭൂതഗണങ്ങളിലെ ഒരാളായ സിംഹോദരനോടു പറഞ്ഞു എനിക്ക് ഇവിടെ കുടിക്കൊള്ളുവാന്‍ പറ്റുകയില്ല. അതിനാല്‍ നീ വേറൊരു സ്ഥലം നോക്കി വരണം എന്നാല്‍ സിംഹോദരന്‍ ഇപ്പോള്‍ വടക്കുനാഥന്‍സ്ഥിതി ചെയ്യുന്ന ഭാഗത്ത് പോയി ഇരുന്നു. സിംഹോദരനെ അന്വേഷിച്ച് ശിവന്‍ ഇറങ്ങി. സിംഹോദരന്‍ ഇരിക്കുന്ന സ്ഥലത്ത് ശിവന്‍ എത്തിപ്പെടുകയും, തിരിച്ചുവരാത്തതിനാല്‍ സിംഹോദരനെ ശപിക്കുകയും ചെയ്തു. ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍ നവരാത്രി, ശിവരാത്രി, അയ്യപ്പന്‍വിളക്ക് എന്നിവയാണ്. ഇവയെല്ലാം സമീപവാസികള്‍ പ്രായഭേദമില്ലാതെ ആചാരപൂര്‍വ്വം ഇന്നും അനുഷ്ഠിച്ചു വരുന്നു.
നമ്മുടെ സ്കൂളിന്റെ തെക്കുകിഴക്ക് ഭാഗത്ത് അര കിലോമീറ്റര്‍ മാറി സ്ഥിതതി ചെയ്യുന്ന തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശൂര്‍ പൂരത്തിന്റെ പങ്കാളിയും, പ്രസിദ്ധവുമാണ്. ശക്തന്‍ തമ്പുരാന്‍ രാജാവിന്റെ കാലത്ത് വടക്കുംനാഥന്‍ കേന്ദ്രമാക്കി പാറമേക്കാവ് ഭഗവതി ക്ഷേത്രത്തേയും തിരുവമ്പാടിക്ഷേത്രത്തേയും പ്രധാന പങ്കാളികളാക്കി ഉത്സവം ആരംഭിച്ചു. വിദേശികളടക്കം ഒട്ടേറെ ആളുകള്‍ ഇതില്‍ പങ്കാളികളാവുന്നു. കുടമാറ്റവും ഇലഞ്ഞിത്തറമേളവും, മഠത്തില്‍ വരവ്, കരിമരുന്നുപ്രയോഗം എന്നിവ തൃശൂര്‍ പൂരത്തിന്റെ എടുത്തു പറയാവുന്ന ആചാരങ്ങളാണ്.
പൂങ്കുന്നം സെന്റ്ജോസഫ് ദേവാലയം
1992 – മെയ് 10-ാം തിയ്യതി ഒരു ഇടവക പള്ളിയായി പൂങ്കുന്നം സെന്റ്ജോസഫ് ദേവാലയത്തിന്റെ ചരിത്രത്തിലേക്ക് നമുക്ക് എത്തിനോക്കാം.
1924 – ല്‍ പൂങ്കുന്നം പ്രദേശത്തു താമസിക്കുന്ന കത്തോലിക്കര്‍ക്ക് സാമൂഹികമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ഇടം വേണമെന്ന ചിന്ത ഉടലെടുത്തു. അതേ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഇവിടെയുണ്ടായിരുന്ന 18 കത്തോലിക്ക കുടുംബത്തില്‍ ചേര്‍ന്ന് കോലപ്പന്‍പ്പിള്ള എന്ന വ്യക്തിയുടെ കെട്ടിടം എട്ടണ മാസവാടക നല്‍കി ഒരു പ്രാര്‍ത്ഥനനാലയമായി ഉപയോഗിച്ചു തുടങ്ങി. ഒരു വര്‍ഷത്തിനു ശേഷം പ്രസ്തുതസ്ഥലം പൂങ്കുന്നം ഗവഃ ലോവര്‍ പ്രൈമറി സ്കൂളിനുവേണ്ടി വിട്ടുകൊടുക്കേണ്ടിവന്നതുകൊണ്ട് സമീപപ്രദേശത്ത് ഒരു കുരിശുപ്പള്ളി സ്ഥാപിച്ചു കിട്ടുവാന്‍ ലൂര്‍ദ്ദ് പള്ളിയെ സമീപിച്ചു. ലൂര്‍ദ്ദ് പള്ളി ഈ അപേക്ഷ അംഗീകരിച്ച് ഗവഃ സ്ക്കൂളിനു അല്‍പ്പം പടിഞ്ഞാറ് മാറി 500 രൂപ മുടക്കി പതിനാലു സെന്റ് സ്ഥലം വാങ്ങി. നാട്ടുക്കാരുടെ സഹായത്തോടെ കൂടി പ്രസ്തുത സ്ഥലത്ത് ഒരു കുരിശു പള്ളി പണിതു. ഇതിന്റെ പ്രധാന കെട്ടിടം ഓടും, മുന്‍ഭാഗവും പാര്‍ശ്വവും ഓലയുമായിരുന്നു. നിലം ചാണകം മെഴുകിയതും ആയിരുന്നു. 1948 ഡിസംബര്‍ മാസം 1-ാം തിയ്യതി ഈ കുരിശു പള്ളി ഒരു പൊതു ആരാധനസ്ഥലമായി അംഗീകരിച്ചു.
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കുരിശു പള്ളിയില്‍ സ്ഥലം തികയാതെ വരികയും ചെയ്തു. അതിനാല്‍ കുരിശുപ്പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി ഇരുപത്തിമൂന്ന് സെന്റ് സ്ഥലം ലൂര്‍ദ്ദ്പള്ളി മുഖേന വാങ്ങി തരികയും അതിന്റെ കൂടെ പതിനാറ് സെന്റ് സ്ഥലം നാട്ടുകാര്‍ ചേര്‍ന്ന് വാങ്ങുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഇന്ന് നിലവിലുള്ള പള്ളി പണി തീര്‍ത്തു. പള്ളിക്കെട്ടിട നിര്‍മാണത്തിന്റെ നടപടി ക്രമത്തിനും, പള്ളി പണിയുന്നതിനും ഏറ്വും കൂടുതല്‍ ഉത്സാഹിച്ചത് അബ്രഹാം കിഴക്കൂടന്‍ അച്ഛന്‍ ആയിരുന്നു. ചിറയത്ത് ശ്രീ ദേവസ്സി കുഞ്ഞുവറീതിന്റെ നിസ്വാര്‍ത്ഥമായ സേവനം പള്ളിയുടെ പുരോഗമനത്തിന് വളരെയധികം നേട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വര്‍ഷം തോറും വരുന്ന പെരുന്നാളിനു കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനും ജാതിഭേദമന്യേ പരസ്പരം ആഘോഷിക്കുന്നു. മത സൗഹാര്‍ദ്ദത്തിന്റെ വിലപ്പെട്ട മൂല്യങ്ങള്‍ നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയും.
ഇട്ടേമ്പുറം പാമ്പുംകാവ്
വിദ്യാലയത്തിന്റെ വടക്കു - കിഴക്കായി 75 വര്‍ഷത്തോളം പഴക്കമുള്ള ഒരു പാമ്പുംകാവ് ആണ് ഇത്. പാലമരത്തിന്റെ ചുവട്ടില്‍ ആണ് നാഗ പ്രതിഷ്ഠ. ഇട്ടേമ്പുറത്ത് രാവുണ്ണിനായര്‍ ആണ് കാരണവര്‍. വര്‍ഷംതോറും കലശവും പാലും നൂറും ചടങ്ങും നടത്തിവരാറുണ്ട്. പാലും മനൂറും കൊടുക്കുന്ന ദിവസം സര്‍പ്പതുള്ളലും കൊട്ടും ഉണ്ടാകാറുണ്ട്.
നാഗപ്രതിഷ്ഠയുടെ അടുത്തുതന്നെ ചാത്തന്‍ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശങ്കരന്‍ കുളങ്ങര ക്ഷേത്രത്തില്‍ നിന്നും പറയോടുകൂടി ഇവിടെ വന്ന് കോമരം തുള്ളാറുണ്ട്. ചടങ്ങുകള്‍ക്കു ശേഷമുള്ള അത്താഴം തറവാട്ടുകാര്‍ നടത്തുന്നു. അതുകൊണ്ട് തന്നെ ഇതിനെ അത്താഴ്പറ എന്നും വിശേഷിപ്പിക്കുന്നു. കോഴിയുടെ തലയറുത്ത് ചാത്തന്‍ മൂര്‍ത്തിക്ക് സമര്‍പ്പിക്കാറുണ്ട്.
കലശദിവസം തറവാട്ടുകാര്‍ എല്ലാവരും ഒത്തുകൂടി അവരുടെ സര്‍വ്വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. നാഗദോഷത്തിനും, നാള്‍ദോഷത്തിനും വഴിപാടുകള്‍ സമീപപ്രദേശത്തുകാര്‍ കാരണവരെ ഏര്‍പ്പിക്കാറുണ്ട്. പൂര്‍വ്വകാലം മുതലുള്ള ഈ കാവ് ഇന്നും അതിന്റെ തനിമ നഷ്ട്പെടാതെ നിലനില്‍ക്കുന്നു.
പാട്ടുരായ്ക്കല്‍ അയ്യപ്പന്‍കാവ്:-
വിദ്യാലയത്തിന്റെ തെക്കു കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പാട്ടുരായ്ക്കല്‍ അയ്യപ്പന്‍കാവ് ക്ഷേത്രം. ശാസ്താവ് ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം ചരിത്ര രേഖകളില്‍ “ കാമ്മാനപ്പിള്ളി അയ്യപ്പന്‍കാവ്” എന്നാണ് കാണപ്പെടുന്നത്. ഇത് പ്രസിദ്ധമായ കാച്ചാനപ്പിള്ളി മനവകയായിരുന്നു. പിന്‍കാലത്ത് കറുപ്പത്ത് അമ്മച്ചി മഠം വകയായിത്തീര്‍ന്നു. അവര്‍ക്കത് നോക്കിനടത്താന്‍ കഴിയാതെ വന്നപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കൈമാറി. ഭക്തജനങ്ങളുടെ ശ്രമഫലമായി മുന്‍കാലപ്രവര്‍ത്തകരായിരുന്ന ശ്രീ.കെ.നാരായണസ്വാമിയുടേയും ശ്രീ ശ്രീധരകുറുപ്പിന്റെയും നേതൃത്വത്തില്‍ പല കര്‍മ്മ പദ്ധതികളും തയ്യാറാക്കി. പിന്നീട് ഈ കര്‍മ്മ പദ്ധതികള്‍ അഡ്വ.ശ്രീ.ഗോപകുമാര്‍, ശ്രീ.വി.രാമദാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലമാക്കി. അലങ്കാരപ്രിയനായ ദേവന് ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം മൂലവിഗ്രഹത്തിനു പിന്നില്‍ ശബരിമല ശാസ്താവിന്റെ സാമ്യതയുള്ള ഒരു പഞ്ചലോഹഗോളകനിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലംതോറും തുലാമാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഗംഭീര ലക്ഷാര്‍ച്ചനയും, പള്ളിവേട്ട എഴുന്നള്ളിപ്പും, അയ്യപ്പന്‍പാട്ട് വേദോച്ചാരാണം, തീയ്യാട്ട്, കളംപ്പാട്ട്, നവരാത്രിപൂജയും, വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടര്‍ന്നു വരുന്നു. എല്ലാ ആചാരങ്ങളിലും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് അയ്യപ്പന്‍ വിളക്ക്. ഹിന്ദു മുസ്ലീം മൈത്രിയുടെ ഏക കേന്ദ്രമായി വര്‍ത്തിക്കുന്ന ശബരിമല പോലെ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവാംശമാണെന്നു പ്രപഞ്ചത്തില്‍ നിന്നും അന്യമല്ലാത്ത മനുഷ്യനിലും ദൈവം ഇരിക്കുന്നുവെന്ന തത്ത്വമസിയുടെ പൊരുള്‍ വിളിച്ചോതുന്ന ഒന്നാണ് ഈ ക്ഷേത്രം.
പുലികളി
കേരളത്തില്‍ തൃശൂരില്‍ മാത്രം കാണപ്പെടുന്ന ഒരു നാടന്‍ കലാരൂപമാണ് പുലികളി. ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഈ ആഘോഷത്തില്‍ പ്രധാനമായും പത്തോളം ദേശങ്ങള്‍ പങ്കെടുക്കുന്നു. ഇതില്‍ നമ്മുടെ സമീപദേശങ്ങളായ പൂങ്കുന്നം ദേശവും, കുട്ടന്‍കുളങ്ങര ദേശവും, പാട്ടുരായ്ക്കല്‍ ദേശവും പങ്കാളികളാവുന്നു. വ്രതാനുഷ്ഠാനങ്ങളോടെ ആയിരിക്കണം ഇതില്‍ വേഷം ഇടേണ്ടത്. വേഷക്കാരന്റെ മുഖത്തും, ദേഹത്തും വിവിധ വര്‍ണ്ണങ്ങളില്‍ പുലി മുഖങ്ങളും, പുലിരൂപങ്ങളും വരക്കുന്നു. ചെണ്ടയുടെ താളത്തിനൊത്ത് കളിക്കുന്നത് കാണാന്‍ വിദേശികളടക്കം ആയിരഹങ്ങള്‍ സാക്ഷികളാകുന്നു.